Tuesday, 15 December 2020

MATCH 28 പത്തുപേരുമായി കളിച്ച ജാംഷെഡ്‌പൂര്‍ മുംബൈ സിറ്റിയെ സമനിലയില്‍ പിടിച്ചുകെട്ടി




ബാംബോലിം: ഐ.എസ്‌.എല്‍ ഏഴാം സീസണില്‍ പോയിന്റ്‌പട്ടികയില്‍ മുന്നില്‍ മുന്നില്‍ നില്‍ക്കുന്ന മുംബൈ സിറ്റി എഫ്‌.സിയെ പത്തുപേരുമായി നിശ്ചിത 62 മിനിറ്റും കളിക്കേണ്ടി വന്ന ജാംഷെഡ്‌പൂര്‍ 1-1നു സമനിലയില്‍ പിടിച്ചു കെട്ടി.

28-ാം മിനിറ്റില്‍ മിഡ്‌ ഫീല്‍ഡര്‍ ഐതോര്‍ മോണ്‍റോയ്‌ ചുവപ്പ്‌ കാര്‍ഡ്‌ വാങ്ങി പുറത്തയതോടെ പരുങ്ങലിലായെങ്കിലും ജാംഷെഡ്‌പൂര്‍ വളരെ ധീരതയോടെ സാഹചര്യങ്ങളെ നേരിട്ടു. അതുകൊണ്ട്‌ തന്നെ ജാംഷെഡ്‌പൂരിന്റെ ക്യാപ്‌റ്റനും പ്രതിരോധ ഭടന്‍ കൂടിയായ പീറ്റര്‍ വില്യം ഹാര്‍ട്ട്‌ലിയാണ്‌ കളിയിലെ താരം . രണ്ടു ഗോളുകളും ചുവപ്പ്‌ കാര്‍ഡും വന്നതും ആദ്യ പകുദിയിലാണ്‌. രണ്ടാം പകുതിയില്‍ മുംബൈ വിജയ ഗോള്‍ നേടാനുള്ള അവസരങ്ങള്‍ പാഴാക്കി. 

. ഫേവറേറ്റുകളായ മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട്‌ ജാംഷെഡ്‌പൂരാണ്‌ എട്ടാം മിനിറ്റിലെ ആദ്യ ഗോള്‍ നേടിയത്‌. ഓഗ്‌ബച്ചെയുടെ മിസ്‌ പാസാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. കുതിച്ചെത്തിയ ജാക്കിചാന്‍ പന്ത്‌ കവര്‍ന്നെടുത്തു ഒരു കട്ട്‌ബാക്ക്‌. പന്ത്‌ കിട്ടിയ ലിത്വാനിയന്‍ താരം നെരിയൂസ്‌ വാല്‍സ്‌കിസ്‌ നെറ്റിലേക്കു പന്ത്‌ തൊടുത്തുവിട്ടു (1-0). ഈ സീസണില്‍ വാല്‍സ്‌കിസ്‌ ഇതോടെ ആറ്‌ ഗോളോടെ ഗോവയുടെ ഇഗോര്‍ അന്‍ഗുലോയുടെ ഒപ്പമെത്തി. 
അപ്രതീക്ഷിതമായി കിട്ടിയ പ്രഹരം മുംബൈയെ ചൊടിപ്പിച്ചു. 17-ാം മിനിറ്റില്‍ മുംബൈ ഗോള്‍ മടക്കി. 
ആഡം ലെ ഫോന്‍ഡ്രെ , ബിപിന്‍ സിംഗ്‌, ബര്‍ത്തലോമ്യോ ഓഗ്‌ബച്ചെ എന്നിവരുടെ ടീം വര്‍ക്കാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. ലെ ഫോന്‍ഡ്രെയില്‍ നിന്നും ബിപിന്‍ സിംഗിലേക്കു വന്ന പന്ത്‌ ബോക്‌സിനു മുന്നില്‍ എത്തിയ ഓഗ്‌ബച്ചെയിലേക്കു നല്‍കി. ഓഗ്‌ബച്ചെയ്‌ക്കു പിഴച്ചില്ല. (1-1) ഐ.എസ്‌.എല്ലില്‍ ഓഗ്‌ബച്ചെയുടെ 29-ാം ഗോളാണിത്‌. 
ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം 28-ാം മിനിറ്റില്‍ താളം തെറ്റി. രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു ചുവപ്പ്‌ കാര്‍ഡ്‌ ആയതോടെ ഐതോര്‍ മോണ്‍റോയ്‌ പുറത്തായി. ഇതോടെ പത്തുപേരുമായി 90 മിനിറ്റും കളിക്കേണ്ട ഗതികേടിലായി ജാംഷെഡ്‌പൂര്‍. 
എന്നാല്‍ ഈ അനുകൂല സാഹചര്യം മുതലെടുക്കാന്‍ മുംബൈ സിറ്റിക്കു കഴിഞ്ഞില്ല. 1-1നു വിസില്‍ മുഴങ്ങി. 
പരിശീലകന്‍ സെര്‍ജിയോ ലൊബേറോ മുംബൈയ്‌ക്ക്‌ നല്‍കിയ ഡ്രീം സ്റ്റാര്‍ട്ടിനു ഈ സമനില മങ്ങലേല്‍പ്പിച്ചു. ആറ്‌ മത്സരങ്ങള്‍ പിന്നിട്ട മുംബൈ സിറ്റി നാല്‌ ജയം ഒരു സമനില, ഒരു തോല്‍വി എന്ന നിലയില്‍ 13 പോയിന്റോടെ ഒന്നാം സ്ഥാനം പുതുക്കി. ആദ്യ മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനോട്‌ തോറ്റതിനു ശേഷം മുംബൈ കഴിഞ്ഞ അഞ്ച്‌ മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞട്ടില്ല. 
ആറ്‌ മത്സരങ്ങളില്‍ നാല്‌ സമനില, ഒരു ജയം ഒരു തോല്‍വി എന്ന നിലയില്‍ ഏഴ്‌ പോയിന്റുമായി ജാംഷെഡ്‌പൂര്‍ ആറാം സ്ഥാനത്താണ്‌. 

No comments:

Post a Comment