Tuesday, 8 December 2020

MATCH 20 വാല്‍സ്‌കിസിന്റെ ഇരട്ടഗോളില്‍ എ.ടി.കെ മോഹന്‍ബഗാന്‍ വീണു

 




മര്‍ഗാവ്‌ : തിലക്‌ മൈതാനിയില്‍ കൊല്‍ക്കത്ത ഭീമന്മാരുടെ കഥ കഴിച്ചുകൊണ്ട്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സി ഐ.എസ്‌.എല്‍ ഏഴാം സീസണിലെ ആദ്യ ജയം ഗംഭീരമായി ആഘോഷിച്ചു. (2-1).
എതിരാളികളായ എ.ടി.കെയ്‌ക്ക്‌ ആദ്യ തോല്‍വിയും നേരിട്ടു. ലിത്വാനിയന്‍ മുന്‍ നിരതാരം നെരിയൂസ്‌ വാല്‍സ്‌കിസിന്റെ ഇരട്ട ഗോളുകളിലാണ്‌ (30, 66) ജാംഷെഡ്‌പൂരിന്റെ ജയം. എ.ടി.കെ ഒരു ഗോള്‍ മടക്കിയെങ്കിലും ക്ലീന്‍ ഓഫ്‌സൈഡ്‌ വ്യക്തമായ റോയ്‌ കൃഷ്‌ണയുടെ ഗോളില്‍ (80) എ.ടി.കെയ്‌ക്ക്‌ അഭിമാനിക്കാന്‍ വകയില്ല. 
പ്രവചനങ്ങളെ എല്ലാം കീഴ്‌മേല്‍ മറിച്ചുകൊണ്ട്‌ ജാംഷെഡ്‌പൂര്‍ കൊല്‍ക്കത്തക്കാരുടെ ഗോള്‍ മുഖത്തേക്കു ആദ്യം തന്നെ ഇരച്ചുകയറി, കഴിഞ്ഞ മൂന്നു മത്സരങ്ങളും ജയിച്ചു വന്ന എ.ടി.കെയ്‌ക്ക്‌ എതിരെ കൃത്യമായി ഗൃഹപാഠം ചെയ്‌തു വന്ന ജാംഷെഡ്‌പൂര്‍ വെല്ലുവിളി ഉയര്‍ത്തുമെന്നു കരുതിയ എ.ടെ.കെയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ്‌ കൃഷ്‌ണയെ തളിച്ചിട്ടു. വാല്‍സ്‌ക്കിസും റോയ്‌ കൃ്‌ഷ്‌ണയും തമ്മില്‍ മാറ്റുരക്കുമെന്നു കരുതിയ പോരാട്ടം ഇതോടെ വാല്‍സ്‌കിസിന്റെ കാലുകളിലേക്കു ഒതുങ്ങി. 
വലത്തെ പാര്‍ശ്വത്തില്‍ ലഭിച്ച കോര്‍ണറില്‍ നിന്നും 30-ാംമിനിറ്റിലാണ്‌ ജാംഷെഡ്‌പൂരിന്റെ ആദ്യ ഗോളിന്റെ പിറവി. കിക്കെടുത്ത മിഡ്‌ഫീല്‍ഡര്‍ ഐറ്റര്‍ മോണ്‍റോയ്‌ അളന്നുകുറിച്ചു ബോക്‌സിനു മധ്യത്തിലേക്ക്‌ നല്‍കി. ചാടി ഉയര്‍ന്ന വാല്‍സ്‌കിസ്‌ എ.ടി.കെ പ്രതിരോധനിരക്കാരന്‍്‌ സന്ദേശ്‌ ജിങ്കന്റെ തലയ്‌ക്ക്‌ മുകളിലൂട ഉയര്‍ന്ന്‌ പന്ത്‌ നെറ്റിലാക്കി. (1-0). 
രണ്ടാം പകുതിയിലും വാല്‍സ്‌കിസ്‌ ഭീഷണി തുടര്‍ന്നു. 64-ാം മിനിറ്റില്‍ കൊല്‍ക്കത്തക്കാരുടെ ബോക്‌സിനു മ്‌ുന്നില്‍ നിന്നും എടുത്ത ഫ്രീ കിക്ക്‌ ബഗാന്റെ മനുഷ്യഭിത്തിയില്‍ തൊടാതെ വളഞ്ഞു പുളഞ്ഞു പന്ത്‌ പോസ്‌റ്റിലേക്ക്‌. ബഗാന്‍ ഗോളി അരിന്ദം ഭട്ടാചാര്യ കൃത്യസമയത്ത്‌ ഫുള്‍ ഡൈവില്‍ കഷ്ടിച്ചു പന്ത്‌ കുത്തിയകറ്റി അപകടം ഒഴിവാക്കി. . എന്നാല്‍ വാല്‍സ്‌കിസിന്റെ ഗോള്‍ മോഹം ശമിച്ചില്ല 66-ാം മിനിറ്റില്‍ ജാംഷെഡ്‌പൂരും വാല്‍സ്‌കിസും രണ്ടാം ഗോള്‍ നേടി ഇത്തവണയും കോര്‍ണറിന്റെ അകമ്പടിയോടെ, എന്നാല്‍ ഇത്തവണ മോണ്‍റോയ്‌ എടുത്ത കോര്‍ണറില്‍ നിന്നും. ആദ്യ ശ്രമം വന്നത്‌ ജാംഷെഡ്‌പൂരിന്റെ മുഹമ്മദ്‌ മൊബാഷിറിന്റെ വക ഹെഡ്ഡര്‍. എന്നാല്‍ പന്ത്‌ എ.ടി.കെ ബഗാന്റെ സുബാഷിഷ്‌ ബോസിന്റെ കൈകളില്‍ തട്ടി്‌ വാല്‍സ്‌കിസിന്റെ പക്കലേക്ക്‌ . കൈവന്ന അവസരം കൃത്യമായി ഉപയോഗിച്ചു. ക്ലോസ്‌ റേഞ്ചില്‍ വാല്‍സ്‌കിസ്‌ അനായാസം പന്ത്‌ വലയിലാക്കി (2-0).
ഇതോടെ ജാംഷെഡ്‌പൂര്‍ അട്ടിമറി ജയം ഉറപ്പിച്ചു എന്നാല്‍ ജാംഷെഡ്‌പൂരിനെ റഫ്‌റിയുടെ ചതി ജയം തെന്നിമാറുമോ എന്ന സംശയത്തിലാക്കി. എ.ടി.കെക്ക്‌ എതിരായ കോര്‍ണറില്‍ നിന്നും ക്ലിയര്‍ ചെയ്‌തു വന്ന പന്ത്‌ സുബാഷിഷ്‌ ബോസ്‌ മുന്നിലുണ്ടായിരുന്ന മന്‍വീര്‍ സിംഗിലേക്കു ത്രൂ പാസ്‌ ചെയ്‌തു വിട്ടു. മന്‍വീര്‍ ഗോള്‍ മുഖത്തേക്കു കുതിച്ച റോയ്‌ കൃഷ്‌ണയിലേക്കും. ജാംഷെഡ്‌പൂര്‍ താരങ്ങളെ മറികടന്നു നിന്ന റോയ്‌ കൃഷ്‌ണ പന്ത്‌ സ്വീകരിക്കുമ്പോള്‍ ഓഫ്‌സൈഡ്‌ പൊസിഷനില്‍ ആയതിനാല്‍ ലൈന്‍സ്‌ മാന്റെ കൊടി ഉയരും എന്ന പ്രതീക്ഷിയിലായിരുന്നു ജാംഷെഡ്‌പൂരിന്റെ പ്രതിരോധനനിരക്കാര്‍. പക്ഷേ കൊടി ഉയര്‍ന്നില്ല. കിട്ടിയ പന്തുമായി കുതിച്ച റോയ്‌ കൃഷ്‌ണ മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹ്‌നേഷിനെയും മറികടന്നു വലയിലാക്കി (1-2). ഗോളിനെതിരെ ജാംഷെഡ്‌പൂര്‍ താരങ്ങളുടെ പ്രതിഷേധം റഫ്‌റി രാമസ്വാമി കൃഷ്‌ണ തള്ളി. 
ഇതോടെ അവസാന 10 മിനിറ്റും ഇഞ്ചുറി ടൈമും ചൂട്‌്‌ പിടിച്ചു. എന്നാാല്‍ സമനില ഗോള്‍ വഴങ്ങാതെ ജാംഷെഡ്‌പൂര്‍ സ്വന്തം പകുതി ഭദ്രമായി നിലനിര്‍ത്തി ആദ്യ ജയം സ്വന്തമാക്കി. പ്രതിരോധനിരതാരം പീറ്റര്‍ ഹാര്‍ട്ട്‌ലിയും ഗോളി രഹ്‌നേഷും ഈ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു 
രണ്ടു ഗോള്‍ നേടിയ നെരിയൂസ്‌ വാല്‍സ്‌കിസ്‌ കളിയിലെ താരമായി

No comments:

Post a Comment